"മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു... മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു...
മനുഷ്യനും മതങ്ങളും ദൈവങ്ങളുംകൂടി മണ്ണു പങ്കുവെച്ചു, മനസ്സു പങ്കുവെച്ചു..” പ്രവചന സ്വഭാവമുള്ള ഈ ഗാനം 51 വർഷങ്ങൾക്ക് മുമ്പ് വയലാർ രാമവർമ്മ കുറിക്കുമ്പോൾ അദ്ദേഹം പോലും ഓർത്തിരിക്കില്ല ഇരുപതാം നൂറ്റാണ്ടിലും ഈ ഗാനം പ്രസക്തം ആയിരിക്കുമെന്ന്.. ദുർബല ഹൃദയങ്ങളിൽ മതം എത്രത്തോളം തീവ്രമായി പ്രവർത്തിച്ചു മനുഷ്യനെ മൃഗമായി മാറ്റിയിരിക്കുന്നു എന്ന് വാർത്താമാധ്യമങ്ങൾ നിന്നും നമ്മൾ കണ്ടുകൊണ്ടിരിക്കുകയല്ലെ. വിരൽ തുമ്പിൽ ലോകം തൊട്ടറിയുന്ന ഈ കാലത്തും, ചന്ദ്രനെ രണ്ടായി പിളർന്ന കഥയും, വെള്ളത്തിന് മുകളിലൂടെ നടന്ന കഥയും, മലയും ചുമന്നു പറന്ന കഥയുമൊക്കെ വെറും കഥകളാണ് എന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധം മതം മനുഷ്യ മസ്തിഷ്കത്തിൽ കുത്തി നിറക്ക പെട്ടിരിക്കുന്നു.
ദൈവങ്ങളുടെ പിടിയിൽ നിന്നും മോചിതരായ ഒരു കൂട്ടം യൗവ്വനങ്ങൾ നമുക്ക് ചുറ്റുമുണ്ട് വാ മൂടപ്പെട്ട നിലയിൽ. നിരീശ്വരവാദിയെന്ന നിലയിലും മത വിമർശകൻ എന്ന നിലയിലും എനിക്ക് അറിയുന്ന അല്ലെങ്കിൽ എന്നെ മാത്രം അറിയിച്ച ഒരു കൂട്ടം ചെറുപ്പക്കാർ.
ഭയമാണ് അവർക്ക് മതത്തെ തൊട്ടുക്കളിക്കാൻ, അതിനു കാരണവും നമ്മുടെ സമൂഹം തന്നെയാണ്.
സിനിമാ തിയേറ്ററിൽ ഹനുമാൻ രാമനെ കാണാനായി വരുമെന്ന പ്രതീക്ഷയിൽ സീറ്റ് കരുതി വെക്കുന്ന സമൂഹത്തെ ഭയക്കാതിരിക്കാൻ നിർവ്വാഹമില്ലെന്ന് തന്നെ പറയാം..
പ്രിയപ്പെട്ട ചെറുപ്പക്കാരെ നമുക്ക് ശേഷം വരാനിരിക്കുന്ന ഒരു തലമുറയെ എങ്കിലും ദൈവ ചിന്തകളുടെ കരാള കരങ്ങളിലും നിന്നും മോചിപ്പിക്കേണ്ടത് നാമീ മനുഷ്യ വർഗ്ഗത്തിനോടു ചെയ്യുന്ന മഹത്തായ നന്മയായിരിക്കും.
‘ദൈവമേ കൈ തൊഴാം, കേൾപ്പുമാറാകണം…’ എന്ന് നഴ്സറി കുട്ടികളെ പോലും ഈശ്വര പ്രാർത്ഥന ചൊല്ലി ദിനം തുടങ്ങാൻ ശീലിപ്പിക്കുന്ന അധ്യാപകരെ വിമർശിച്ചു തന്നെ നിങ്ങളുടെ പോരാട്ടം ആരംഭിക്കണം.
എന്ത് വലിയ അപരികൃതമായ രീതിയിലാണ് കുട്ടികളുടെ ഉള്ളിൽ ദൈവത്തിനോട് യാചിക്കാനുള്ള വിഷ വിത്തുകൾ അവർ വിതച്ച് നൽകുന്നത്.
കൈ കൂപ്പി മുകളിലേക്ക് നോക്കി നിന്നു ദൈവത്തിനോട് യാചിക്കുന്ന കുഞ്ഞു മനസ്സുകളെ കാണുമ്പോൾ നിങ്ങൾ ചോദ്യം ചെയ്യുക തന്നെ വേണം…
ശാസ്ത്ര ബോധമുള്ള, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്ന ഒരു മനുഷ്യനായി വളരാൻ പഠിപ്പിക്കേണ്ട നമ്മുടെ വിദ്യാഭ്യാസ രംഗത്ത് നടക്കുന്ന ആഭാസമായി തന്നെ ഈശ്വര പ്രാർത്ഥനയെ കാണേണ്ടിയിരിക്കുന്നു.
ദൈവ വിശ്വാസി അല്ല എന്ന് പറയുമ്പോൾ നെറ്റി ചുളിക്കുന്ന ഈ കാലഘട്ടത്തിൽ നിന്നും, ദൈവ വിശ്വാസിയാണ് എന്ന് പറയുമ്പോൾ നെറ്റി ചുളിക്കുന്ന ഒരു കാലഘട്ടത്തിലേക്ക് എത്തിച്ചേരാൻ നാം ഒരുപാട് സഞ്ചരിക്കേണ്ടി യിരിക്കുന്നു.. ദൈവ വിശ്വാസികളായ ഒരു വലിയ ജനതയുടെ നടുവിൽ നിന്നാണ് ഞാനും എന്നെപ്പോലെയുള്ള നിരീശ്വരവാദികളും പോരടിക്കുന്നത്, നമ്മൾ അവരുടെ വിശ്വാസത്തെയാണ് എതിർക്കുന്നത്; വിശ്വസിക്കാനുള്ള അവരുടെ അവകാശത്തിനെയല്ല.
എന്നാൽ വിശ്വാസികളുടെ രീതി ഒന്ന് നോക്കൂ, മനുഷ്യന്‍റെ യുക്തിക്ക് നിരക്കാത്ത 2000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ബാലിശമായ വിശ്വാസങ്ങള്‍ പൊക്കിപ്പിടിച്ചിട്ട്, എന്‍റെ വിശ്വാസങ്ങളെ ബഹുമാനിക്കണം എന്നാണവർ അവകാശപ്പെടുന്നത്.
മതാധിഷ്ഠിത സമൂഹത്തിലേക്കു പിറന്നു വീഴുന്ന ഒരു വ്യക്തിയെ വളരെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ ഉള്‍പ്പെടെയുള്ള മതവിശ്വാസികള്‍ ദൈവത്തെയും നരകത്തെയും ഒക്കെ കുറിച്ച് പറഞ്ഞ് ഭയപ്പെടുത്തി അവന്‍റെ ആത്മവിശ്വാസവും, സ്വാശ്രയബോധവും, മതം എന്ന പൊട്ടക്കിണറ്റില്‍ എറിഞ്ഞുകളയാന്‍ പ്രേരിപ്പിക്കുന്നു.
പിന്നീട് മതാചാരങ്ങളിലൂടെ അവ തിരിച്ചുപിടിക്കാന്‍ ശീലിപ്പിക്കുന്നു. മൊത്തത്തില്‍ ലാഭമൊന്നുമില്ല, എന്നാല്‍ നഷ്ടമുണ്ട്താനും.
ഉദാഹരണത്തിന് ഒരു നാസ്തികന്‍ പരീക്ഷ ജയിക്കാന്‍ എന്തൊക്കെ ചെയ്യണമോ അതെല്ലാം വിശ്വാസിയും ചെയ്യണം. വിശ്വാസിക്ക് സമാന ആശ്വാസം ലഭിക്കാന്‍ അതിനൊപ്പം ഇരട്ടിപ്പണി കൂടിയുണ്ട്. അതായത് മതം അനുഷ്ഠിക്കണം (പ്രാര്‍ത്ഥന, നേര്‍ച്ച, വഴിപാടുകള്‍). ചുരുക്കിപ്പറഞ്ഞാല്‍ ഊര്‍ജ്ജം, സമയം, ധനം, ആത്മവിശ്വാസം….നഷ്ടം!!
പിന്നെ വിശ്വാസികളുടെ സ്ഥിര പല്ലവിയായ ‘ വിശ്വാസം ഒരു ആശ്വാസം ആവാറുണ്ട് ‘ എന്ന പ്രയോഗമുണ്ട്. നിങ്ങള് ഒന്ന് ചിന്തിക്കണം ആ ‘ആശ്വാസം’ എന്ന മിഥ്യയുടെ ഒപ്പം മതം ചിലര്‍ക്ക് ആവേശവും നല്‍കുന്നുണ്ട്. ആ ആവേശം കൂടി ചിലര്‍ മത ഭ്രാന്തന്മാരും ആവാറുണ്ട്. മത ഭ്രാന്ത് കൂടി ചിലര്‍ തീവ്രവാദത്തിലേക്ക് തിരിയാറുമുണ്ട്. തീവ്രവാദികൾ മറ്റുള്ളവർക്ക് കൊടുക്കുന്ന ‘ആശ്വാസത്തെ’ കുറിച്ച് അറിയാമല്ലോ. അപ്പോൾ ഇവക്കെല്ലാം മൂലകാരണമായ മതത്തെ എന്തുകൊണ്ട് നിരുത്സാഹപ്പെടുത്തുന്നു എന്ന് കൂടുതൽ പറയേണ്ടല്ലോ ?? വിശ്വാസത്താൽ നയിക്കപ്പെടുന്നവൻ ഹൈവേയിലെ കാളവണ്ടിക്കരൻ ആണ്, 150 km വേഗതിയിൽ സഞ്ചരിക്കുന്നവർ ക്ക് ഇടയിൽ 10 km വേഗതയിൽ സഞ്ചരിക്കുന്നവൻ, അത് ഒരാൾ ആണെങ്കിൽ പോലും അയ്യാൾ ഉണ്ടാക്കുന്ന ട്രാഫിക് ബ്ലോക്ക് വളരെ വലുതായിരിക്കും.
ഒരു സമൂഹം എന്നത് എല്ലാവരും അടങ്ങിയതാണ്. അപ്പോൾ ചിലരുടെ പ്രവർത്തികളുടെ ദോഷം എല്ലാവരെയും ബാധിക്കും എന്നതിനാൽ അത് യുക്തികൊണ്ട് തിരിച്ചറിഞ്ഞ യുക്തിവാദി അതിനെതിരെ പോരാടിയെ പറ്റൂ. നിങ്ങളുടെ അന്ധവിശ്വാസങ്ങളെ ബഹുമാനിക്കുക എന്നത് ഞങ്ങളുടെ പണിയല്ല.
“മതങ്ങളെ മനുഷ്യൻ അതിജീവിക്കുക തന്നെ വേണം.”
(നൗഫൽ ഗുരു)
കൂടുതൽ വായിക്കാം
➡️➡️➡️ Join Whatsapp Group
