റേഷൻ കടകളിലൂടെ കുപ്പിവെള്ളം വിൽക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ ഉത്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള ‘ഹില്ലി അക്വാ’ എന്ന പേരിലുള്ള കുപ്പിവെള്ളമാണ് റേഷൻകടകൾ വഴി വിൽപ്പനയ്ക്കെത്തുന്നത്. ജലസേചന വകുപ്പിനു കീഴിലുള്ള പൊതുമേഖല സ്ഥാപനമാണ് കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രച്ചർ ഡെവലപ്പ്മെന്റ് കോർപ്പറേഷൻ.
ഒരുലിറ്റർ കുപ്പിവെള്ളത്തിന് പൊതുവിപണിയിൽ 20 രൂപയാണ് വില. ‘ഹില്ലി അക്വാ’ വെള്ളമാകട്ടെ നിലവിൽ പൊതുവിപണിയിൽ 15 രൂപ നിരക്കിലാണ് വിൽക്കുന്നത്. ഇതേ കുപ്പിവെള്ളം റേഷൻകടകൾ വഴി ഇനിമുതൽ 10 രൂപയ്ക്ക് ലഭിക്കും. ഇതിൽ രണ്ടുരൂപ റേഷൻ വ്യാപാരികളുടെ കമ്മീഷനാണ്. ആദ്യഘട്ടമായി കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ റേഷൻ കടകളിലാകും കുപ്പിവെള്ളമെത്തുക. വെള്ളം വാങ്ങിക്കാൻ റേഷൻ കാർഡ് വേണ്ട എന്നതാണ് പ്രത്യേകത. അതായത്, ആർക്കും യഥേഷ്‌ടം റേഷൻകടകളിൽ നിന്നും വാങ്ങാവുന്ന ഏക സാധനം എന്ന വിശേഷണവും കുപ്പിവെള്ളത്തിന് സ്വന്തം.
കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഭക്ഷ്യവകുപ്പ് മന്ത്രിയായിരുന്ന പി തിലോത്തമൻ വിഭാവനം ചെയ്ത പദ്ധതിയാണ് ഇപ്പോൾ യാഥാർത്ഥ്യമാകാൻ പോകുന്നത്. കുപ്പിവെള്ളത്തിന് വില കുറയ്ക്കാമെന്ന് സർക്കാരിനോട് സ്വകാര്യ കമ്പനികൾ സമ്മതിക്കുകയും പിന്നീട് 20 രൂപയ്ക്കു വിൽക്കുകയും ചെയ്തതോടെയാണ് സിവിൽ സപ്ലൈസ് വകുപ്പ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. എന്നാൽ, റേഷൻ വ്യാപാരികൾ പദ്ധതിയോട് മുഖം തിരിച്ചതോടെയാണ് അന്ന് പദ്ധതി പാതിവഴിയിൽ നിന്നുപോയത്. കമ്മീഷൻ കുറവാണെന്നായിരുന്നു അന്ന് റേഷൻ വ്യാപാരികളുടെ പരാതി.
ഭക്ഷ്യമന്ത്രി ജി ആർ അനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ്. ഇതുസംബന്ധിച്ച് ധാരണാപത്രം ഒപ്പുവയ്ക്കുന്നതുൾപ്പെടെയുള്ള തുടർനടപടികൾ പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ തലത്തിൽ സ്വീകരിക്കാൻ സർക്കാർ നിർദേശം നൽകിയത്.