നവ കേരള സദസ്സിനായി ചടയമംഗലത്ത് എത്തുന്ന മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനായി മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥൻ സോഷ്യൽ മീഡിയയിലൂടെ വെല്ലുവിളി നടത്തിയിരുന്നു. ഇതിനു മറുപടിയായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ശ്രീ.രാഹുൽ മാങ്കൂട്ടത്തിൽ ചടയമംഗലത്തും മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് വളരെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഇത്തരത്തിൽ കരിങ്കൊടി പ്രതിഷേധം ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി വൻ പോലീസ് സന്നാഹത്തെ മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ ഉടനീളം നിയോഗിച്ചിരുന്നു. ഇതിനു പുറമേ ഡിവൈഎഫ്ഐ സംഘവും റോഡിന് ഇരുവശവും നില ഉറപ്പിച്ചിരുന്നു. കരിങ്കൊടി പ്രതിഷേധം മുൻകൂട്ടി അറിയുന്നതിനായി യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് റിയാസ് ചിതറ ഉൾപ്പെടെയുള്ള അഞ്ചോളം നേതാക്കളുടെ ഫോൺ പോലീസ് ചോർത്തി എന്ന ഗുരുതര ആരോപണമാണ് യൂത്ത് കോൺഗ്രസ് ഇപ്പോൾ ഉന്നയിക്കുന്നത്.
കരിങ്കൊടി കാണിക്കുന്നതിനു വേണ്ടി മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ നിലയുറപ്പിച്ച എട്ടോളം സംഘങ്ങളെ പോലീസ് കൃത്യമായി അറസ്റ്റ് ചെയ്തത് ഇതിന് തെളിവാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. മറ്റ് ജില്ലകളിൽ പോലും കണ്ടിട്ടില്ലാത്ത വിധം വനിതകളും ജനപ്രതിനിധികളും ഉൾപ്പെടെ എഴുപതോളം പേരെയാണ് ചടയമംഗലം പോലീസ് കരുതൽ തടങ്കലിൽ വച്ചത്. മുഖ്യമന്ത്രി പരിപാടി കഴിഞ്ഞ് ജില്ലയുടെ അതിർത്തി വിട്ട ശേഷമാണ് കരുതൽ തടങ്കലിൽ വച്ച നേതാക്കളെ വിട്ടയക്കാൻ പോലീസ് തയ്യാറായത്.
എന്നാൽ എല്ലാ പ്രതിസന്ധികളെയും മറികടന്നുകൊണ്ട് മുഖ്യമന്ത്രിയുടെ സഞ്ചാര പാതയിൽ മൂന്ന് സ്ഥലങ്ങളിൽ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാട്ടി. പ്രതിപക്ഷ സംഘടനകളുടെ ന്യായമായ പ്രതിഷേധങ്ങളെ പോലും മുഖ്യമന്ത്രിയും പോലീസും ഭയപ്പെടുകയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. അന്യായമായ കരുതൽ തടങ്കലിനും ഫോൺ ചോർത്തലിനുമെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ അറിയിച്ചു.
നിലമേൽ കൈതോട് കരിങ്കൊടി കാണിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകനായ അഷുഹര്‍ അലിയെ ഡിവൈഎഫ്ഐക്കാർ മർദ്ദിക്കുകയും അദ്ദേഹത്തിൻറെ കട അടിച്ചുതകർക്കുകയും ചെയ്തിരുന്നു. പോലീസിന്റെ കൺമുന്നിൽ അക്രമം കാണിച്ച ഈ പ്രതികളെ അറസ്റ്റ് ചെയ്യുവാൻ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല. ഈ കേസിൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുവാൻ പോലീസ് തയ്യാറാകണം.
അല്ലാത്ത പക്ഷം റൂറൽ എസ്പി ഓഫീസ് മാർച്ച് അടക്കമുള്ള സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



