കഴിഞ്ഞ മൂന്ന് ദിനരാത്രങ്ങൾ കൊച്ചുകലുങ്കിലെ ഒരുപറ്റം ചെറുപ്പക്കാർക്ക് ഉറക്കമില്ലാത്ത മണിക്കൂറുകളായിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി കഴിയുന്ന കൊച്ചുകലുങ്ക് മുസ്‌ലിം ജമാഅത്തിലെ ചീഫ് ഇമാം നാസിമുദ്ദീൻ മൗലവിയുടെ ഏഴ് വയസ്സ് മാത്രം പ്രായമുള്ള മകൾ മുനവ്വറയുടെ ചികിത്സ ചെലവായ 30 ലക്ഷം രൂപ കണ്ടെത്താനുള്ള തീവ്രശ്രമത്തിലായിരുന്നു അവർ. നാസിമുദ്ദീൻ ഉസ്താദിന്റെ അക്കൗണ്ടിലേക്ക് നാട്ടിൽനിന്നും പ്രവാസലോകത്തുനിന്നും കാരുണ്യം ഒഴുകിത്തിടങ്ങിയിരുന്നു.
ഓൺലൈനിൽ സജീവമായിരുന്ന
പ്രമുഖ ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്റെ സോഷ്യൽ മീഡിയ ടീമിനും ചികിത്സ കമ്മിറ്റി കൺവീനർ ഷെഫീഖ് ചോഴിയക്കോടിനുമൊപ്പം കൊച്ചുകലുങ്കിൽ സജ്ജമാക്കിയ ‘വാർറൂമി’ലിരുന്ന നാട്ടുകാർക്കിടയിലേക്ക് പെട്ടെന്നൊരു 10 വയസ്സുകാരൻ കയറിവന്നു. ഒരു സൈക്കിൾ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ മാസങ്ങളായി കൈവന്ന ചില്ലറകൾ സ്വരുക്കൂട്ടിയ തന്റെ പണകുടുക്ക അവൻ കമ്മിറ്റി കൺവീനർ ഷെഫീഖിന് നേരെ നീട്ടി. മുനവ്വറമോളുടെ ചികിത്സ ചെലവിലേക്കുള്ള അവന്റെ സംഭാവന!
കുരുന്നുജീവന്റെ രക്ഷക്ക് വേണ്ടിയുള്ള ഒരു സമൂഹത്തിന്റെ കൂട്ടായ പരിശ്രമത്തോട് അപ്രകാരം ചേർന്നു നിൽക്കാനേ ബേസിലിന് സാധിക്കുമായിരുന്നുള്ളൂ. കാരണം അവൻ നാടിന്റെയും നാട്ടുകാരുടെയും ഏതാവശ്യത്തിനും ഏത് നേരത്തും ഒരു മടിയും കൂടാതെ ഓടിയെത്തുന്ന റോയ് തോമസ് എന്ന സാമൂഹിക പ്രവർത്തകന്റെ മകനാണ്.
ശ്രമം തുടങ്ങി മൂന്നാം ദിനംതന്നെ മുനവ്വറ മോളുടെ ചികിത്സ ചെലവിനുള്ള പണം മുഴുവൻ ഒഴുകിയെത്തിയ വാർത്തയറിഞ്ഞ് സന്തോഷിച്ചിരുന്ന ബേസിലിന്റെ കൺമുന്നിലതാ അവൻ സ്വപ്‌നം കണ്ട സൈക്കിൾ! ഒരു കുരുന്നുജീവൻ നിലനിർത്താനുള്ള നാടിന്റെ ശ്രമത്തിൽ പങ്കുചേർന്ന ബേസിലിന്റെ ഇളം മനസ്സിലെ സൈക്കിൾ സ്വപ്നം പൂവണിയാൻ ഇനി വൈകരുത് എന്ന് തീരുമാനിച്ച കൊച്ചുകലുങ്ക് മസ്ജിദ് പരിപാലന കമ്മിറ്റിയിലെ ചില ഉദാരമതികൾ ചേർന്നാണ് ബേസിലിന് സൈക്കിൾ വാങ്ങി സമ്മാനിച്ചത്…
അഭിനന്ദനങ്ങൾ!
ബേസിൽ, നീയൊരു മാതൃകയാണ് മോനെ