തിരുവിതാംകൂറിന്റെ വരണ്ട ചെമ്മണ്ണിളക്കിക്കുതിച്ച ആ 'വില്ലുവണ്ടി' ഇനിയും ഉരുളേണ്ടതുണ്ട്..... കേരളത്തിന്റെ ആത്മാവിലൂടെ, ഒരുപാടൊരുപാട് കാലം.....എത്ര മറച്ചു പിടിച്ചാലും ജാതി വർണ്ണ വെറി മലയാളിയുടെ ഉപ ബോധ മനസ്സിൽ ഇന്നും ഒളിഞ്ഞിരിപ്പുണ്ട്..... 'ഞങ്ങളുടെ കുഞ്ഞുങ്ങളെ പഠിക്കാനനുവദിച്ചില്ലെങ്കിൽ നിങ്ങളുടെ വയലുകളിൽ ഞങ്ങൾ പണിക്കിറങ്ങില്ല. നെല്ലിന് പകരം അവിടെ പുല്ലും കളയും വളരും'. ജാതിയുടെ പേരിൽ അക്ഷരാഭ്യാസം നിഷേധിച്ചവർക്കെതിരെ കേരളത്തിൽ അലയടിച്ച വാക്കുകൾ.... സാമൂഹിക പരിഷ്കരണത്തിന്റെ ആ പുലരിസൂര്യൻ തന്ന വെളിച്ചം നൂറ്റാണ്ടുകളുടെ അന്ധകാരത്തെ മായ്ച്ചുകളഞ്ഞു..... അയ്യങ്കാളി സ്മൃതിദിനത്തിൽ ആ ജീവിതം പകർന്നുതന്ന ആർജവം എത്രയെന്നോർക്കുകയാണ്. ഒപ്പം ആ പരിഷ്കരണത്തിന്റെ വേരുകൾ പതിയെപ്പതിയെ അഴുകിത്തുടങ്ങിയിട്ടില്ലേ എന്ന ചിന്തകൂടി മനസ്സിനെ മഥിക്കുന്നുണ്ട്...
.
നവോത്ഥാനം പറഞ്ഞും കേട്ടും പഴകിയ, പുതുമ നഷ്ടമായ വാക്കാണെങ്കിലും ചില ജീവിതങ്ങളെപ്പറ്റി പറയുമ്പോൾ നമ്മളറിയാതെത്തന്നെ ആവേശത്തിന്റെ തിരക്കൈയിലുയർന്നുപൊങ്ങും.. ദളിത് പ്രശ്നങ്ങൾക്കും ദളിത്വിരുദ്ധ പ്രശ്നങ്ങൾക്കും ഒരേയൊരു ഒറ്റമൂലിയാണുള്ളത്. അത് അയ്യങ്കാളി അന്നേ വിഭാവനംചെയ്ത വിദ്യാഭ്യാസംതന്നെയാണ്. വിദ്യാഭ്യാസമെന്നാൽ പ്രമാണപത്രങ്ങളും യോഗ്യതാപത്രങ്ങളുമല്ല. മറിച്ച്, ശുദ്ധമായ ജ്ഞാനം. അതാണ് വേണ്ടത്. പൊതുബോധത്തെ പുനർനിർമിക്കാൻ മറ്റെന്തിനാണിനി സാധിക്കുക.....??