ഡ്രൈവിങിനിടെ ഹൃദയാഘാതമുണ്ടായപ്പോൾ, സ്കൂൾ വിദ്യാർത്ഥികളെ സുരക്ഷിതരാക്കി ഓട്ടോ ഡ്രൈവറുടെ മരണം. വേദന കൊണ്ട് പിടഞ്ഞപ്പോൾ മതിലിൽ ഓട്ടോ ഇടിച്ചുനിർത്തിയാണ് തലശ്ശേരിയിലെ നിക്സൻ ജയിംസ് കുട്ടികളെ രക്ഷിച്ചത്. നിക്സന്‍റെ അവസാന യാത്ര, അദ്ദേഹത്തിന്റെ വാടകവീടിനോട് ചേർന്നുളള റോഡിലൂടെ ശവമഞ്ചം പോകുമ്പോൾ അരികിൽ നിക്സന്‍റെ ഓട്ടോ കാണാമായിരുന്നു.
മരണം ഡ്രൈവിങ് സീറ്റിലെത്തിയപ്പോൾ ഒരരികിലേക്ക് നിക്സൻ ചേർത്തുനിർത്തിയ വണ്ടിയിൽ ചേർത്തുപിടിച്ച അഞ്ച് കുരുന്നുജീവനുകൾ ഉണ്ടായിരുന്നു. വെളളിയാഴ്ച വൈകിട്ട് നാലരയോടെ തലശ്ശേരിയിലെ സാൻജോസ് സ്കൂളിൽ നിന്ന് പത്ത് കുട്ടികളുമായാണ് നിക്സന്‍റെ പതിവ് ഓട്ടം തുടങ്ങിയത്. അഞ്ച് പേരെ ഇറക്കി, ഗോപാൽ പേട്ടയിലെ ഇടറോഡിലേക്ക് കയറിയ ഉടൻ നെഞ്ചുവേദന വന്നു. കുട്ടികൾ ഉച്ചത്തിൽ കരയുന്നുണ്ടായിരുന്നു. നെഞ്ച് സ്റ്റിയങ്ങിൽ മുട്ടി ഹോൺ മുഴങ്ങിക്കൊണ്ടേയിരിക്കുന്നുണ്ടായിരുന്നു. നിർത്താതെയുളള ഈ ഹോണടി കേട്ടാണ് അവർ ഓടിയെത്തിയത്. അപ്പോഴേക്കും ബോധരഹിതനായ നിക്സനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
എൽകെജി, യുക്കെജിയിലും ഒന്നാം ക്ലാസിലും ഒക്കെ പഠിക്കുന്ന കുട്ടികളായിരുന്നു ഓട്ടോ റിക്ഷയിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട് ഓട്ടോ കൈവിട്ട് പോകുമ്പോൾ അവിടെയുള്ള മതിലിനോട് ചേർത്ത് ഓട്ടോ നിർത്തുകയായിരുന്നു നിക്സൺ. അദ്ദേഹം അറിഞ്ഞ് ചെയ്തു, അദ്ദേഹത്തിന് ജീവൻ നഷ്ടമായെങ്കിലും കുട്ടികളെ കാത്തു. അപകടം ഇടറോഡിലായതും കുട്ടികളെ കാത്തുവെന്നും നഗരസഭാംഗമായ അബ്ദുൽ ഖിലാബ് പറയുന്നു.