സൈനികനെ മർദിച്ച് ശരീരത്തിൽ പിഎഫ്എ എന്നെഴുതിയെത് വ്യാജമാണെന്ന് കണ്ടെത്തിയ കേരള പൊലീസിനെ അഭിനന്ദിച്ച് നടനും സംവിധായകനുമായ മേജർ രവി. ഒരു സൈനികൻ പാകിയ കലാപത്തിന്റെ വിത്തുകളാണ് കൃത്യമായ ഇടപെടലിലൂടെ പൊലീസ് നീക്കം ചെയ്തതെന്നും, പൊലീസിന്റെ ജാഗ്രതയോടെയുള്ള ഇടപെടലാണ് പ്രതിയുടെ കള്ളക്കഥ പൊളിച്ചതെന്നും മേജർ രവി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി.കലാപത്തിന്റെ വിത്തു പാകിയത് ഉടനെ പിഴുതെടുത്ത പൊലീസിന്റെ ജാഗ്രത എടുത്ത് പറയേണ്ടതാണെന്നും അദേഹം കൂട്ടിച്ചേർത്തു.
മേജർ രവി ഫേസ്ബുക്ക് ലൈവിൽ പറഞ്ഞത് ഇങ്ങനെ
ആദ്യം കേട്ടപ്പോൾ കേരളത്തിൽ ഇങ്ങനെയൊക്കെ നടക്കുമോ എന്ന് ആശങ്കപ്പെട്ടു. സത്യാവസ്ഥ പുറത്തുവന്നപ്പോഴാണ് ആശ്വാസമായത്. അല്ലായിരുന്നെങ്കിൽ തീർത്തും ഗുരുതരമായ പ്രത്യാഘാതങ്ങളിലേക്ക് ഇത് പോയെനെ. ഒരു പട്ടാളക്കാരനെ മർദിച്ച് മുതുകിൽ പിഎഫ്ഐ എന്ന നിരോധിത സംഘടനയുടെ പേര് എഴുതിവെച്ചാൽ എന്തൊക്കെ പ്രത്യാഘാതങ്ങൾ ഉണ്ടാകുമായിരുന്നു. വർഗീയത പടർന്നേനെ.ഒരു കലാപത്തിന്റെ വിത്താണ് ഈ പട്ടാളക്കാരൻ പാകിയത്. പോപ്പുലർ ഫ്രണ്ട് എന്ന നിരോദിത സംഘടനയുടെ പേരിൽ ഒരു അതിക്രമത്തിന് മുതിരുമ്പോൾ അതിന്റെ വ്യാപ്തി വലുതാണ്. പൊലീസ് സൈന്യത്തെ അറിയിച്ചാൽ പ്രതി പിന്നെ സേനയിൽ ഉണ്ടാവില്ലെന്നും മേജർ രവി
പറയുന്നു. കോർട്ട് മാർഷലിൽ 14 വർഷത്തെ തടവ് ശിക്ഷക്ക് ഇയാൾ വിധിക്കപ്പെട്ടേക്കാം, എന്നാൽ ഇയാളെ ജീവപര്യന്തം തടവിനാണ് വിധിക്കേണ്ടത്.