ആശുപത്രി ജീവനക്കാര്‍ക്ക് നേരെ വീണ്ടും ആക്രമണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ഇന്നലെ രാത്രിയാണ് സംഭവം.
രോഗിക്കൊപ്പം എത്തിയവര്‍ സെക്യൂരിറ്റിയെയും ലാബ് ടെക്‌നീഷ്യനെയും മര്‍ദിക്കുകയായിരുന്നു. രക്തപരിശോധനാ ഫലം വൈകുമെന്നറിയിച്ചതാണ് പ്രകോപന കാരണം.
ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. ഗര്‍ഭിണിയുമായി ആശുപത്രിയിലെത്തിയവരാണ് ആക്രമണം നടത്തിയത്. യുവതിയെ പരിശോധിച്ച ശേഷം രക്തപരിശോധന നടത്തണമെന്ന് ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ പരിശോധനയ്ക്കായി ലാബിലെത്തി. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ലാബാണിത്.
സാങ്കേതിക കാരണത്താല്‍ രക്തപരിശോധനാ ഫലം വൈകിപ്പിക്കുമെന്ന് ലാബ് ടെക്‌നീഷ്യൻ ഇവരെ അറിയിച്ചു. ഇതാണ് ബന്ധുക്കളെ ചൊടിപ്പിച്ചത്. തുടര്‍ന്ന് ലാബ് ടെക്‌നീഷ്യനെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തു. തടയാനെത്തിയ സെക്യൂരിറ്റിക്കും മര്‍ദനമേറ്റു. അക്രമികള്‍ മദ്യപിച്ചിരുന്നതായി ആശുപത്രി ജീവനക്കാര്‍ ആരോപിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.