കിളിമാനൂർ: നഗരൂർ കാഞ്ഞരംവിള ജംഗ്ഷനിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.
നഗരൂർ നന്ദായിവനം എ.വി നിവാസിൽ അനൂപ് (22) ആണ് മരിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം.
പ്ലംബിംഗ്, വയറിംഗ് തൊഴിലാളിയായ അനൂപ് ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്. നഗരൂർ ഭാഗത്തേക്ക് പാറ കയറ്റി വന്ന ടിപ്പർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് ലോറിയുടെ പിൻഭാഗത്ത് തട്ടുകയും അനൂപ് ലോറിക്കടിയിലേക്ക് വീഴുകയുമായിരുന്നു. ലോറിയുടെ പിൻചക്രങ്ങൾ തലയിലൂടെ കയറിയിറങ്ങി അനൂപ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നഗരൂർ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.



