വയലാ സ്കൂളിൽ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് ഇൻഡോർ ഫിറ്റ്നസ് പാർക്ക് സ്ഥാപിക്കുമെന്ന് ജില്ലാ പഞ്ചായത്ത് അംഗം സാം കെ ഡാനിയൽ. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് സ്കൂളിൽ നിർമ്മാണം പൂർത്തീകരിച്ച ഹയർസെക്കൻഡറി കമ്പ്യൂട്ടർ ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനവും പ്രവേശന കവാടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു. 74 ലക്ഷം രൂപയാണ് ലാബ് കെട്ടിടത്തിന്റെ നിർമ്മാണ ചെലവ്. സുവർണ്ണ ജൂബിലിയുടെ ഭാഗമായി നിർമ്മിക്കുന്ന പ്രവേശന കവാടത്തിന് 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ ഈ ഭരണസമിതിയുടെ കാലയളവിൽ ഏകദേശം 1.5 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ സ്കൂളിൽ നടപ്പാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലാബിലേക്ക് ആവശ്യമായ ലാപ്ടോപ്പുകൾ, സ്കൂളിലേക്കുള്ള ഫർണിച്ചർ എന്നിവ ഈ മാസം ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പി.ടി.എ പ്രസിഡന്റ് ഇബ്രാഹിം മുണ്ടപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഷൈമ ബീഗം സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം ദിനേശ് കുമാർ, ഗ്രാമപഞ്ചായത്ത് ക്ഷേമകാരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബൈജു, എസ്. എം. സി ചെയർമാൻ ബിജു, മദർ പി.ടി.എ പ്രസിഡന്റ് സിന്ധു അനിൽകുമാർ, പി. റ്റി. എ അംഗം കബീർ, ഹെഡ്മിസ്ട്രസ് സിന്ധു തുടങ്ങിയവർ പങ്കെടുത്തു.