കൊല്ലം മാമൂട്ടിൽ വീടിന് സമീപത്തിരുന്ന് പരസ്യമായി മദ്യപിക്കുന്നത് എതിര്‍ത്ത പ്രവാസിയെ സംഘം ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി.
കുത്തേറ്റയാള്‍ ഗുരുതരാവസ്ഥയില്‍. മാമൂട് റജീന മന്‍സിലില്‍ 32 വയസുള്ള അമര്‍ സല്‍മാനാണ് കുത്തേറ്റത്. ആഴത്തിലുള്ള കുത്തേറ്റ അമര്‍ സല്‍മാനെ മേവറത്തെ സ്വകാര്യ മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കി.
വെന്റിലേറ്ററില്‍ തുടരുന്ന യുവാവ് അപകടനില തരണം ചെയ്തിട്ടില്ല. ചൊവ്വാഴ്ച രാത്രി ഏഴോടെ മാമൂട്ടിലാണ് സംഭവം.
ഗള്‍ഫിലായിരുന്ന അമര്സല്മാന് അടുത്തിടെയാണ് ലീവിന് നാട്ടിലെത്തിയത്. വീടിന് സമീപം സ്ഥിരമായി ഒരു സംഘം പരസ്യമായി മദ്യപിക്കുകയും അയല്‍വാസികളേയും മറ്റും ചീത്തവിളിക്കുന്നതുമെല്ലാം പതിവായിരുന്നു. ഇന്നലെ പകല്‍ മുഴുവന്‍ സമീപത്തെ വീട് കേന്ദ്രീകരിച്ച് മദ്യപാനമായിരുന്നു.
ഇതിനിടെ മദ്യപിച്ച് പുറത്ത് റോഡിലിറങ്ങിയ സംഘം അമര്‍ സല്മാന്റൈ വീടിന്റെ മതിലിന് മുകളില്‍ വച്ചിരുന്ന കുപ്പികള്‍ തള്ളിയിട്ടു. ഇതിനെയും മദ്യപാനത്തെ അമര്സല്മാന് ചോദ്യം ചെയ്തതോടെ തര്‍ക്കമുണ്ടായി. തുടര്‍ന്ന് മടങ്ങി പോയ സംഘം സന്ധ്യയോടെ തിരിച്ചെത്തുകയും വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുമ്പോള്‍ അമര്സല്മാനെ ആക്രമിക്കുകയുമായിരുന്നു. വീട്ടുകാര്‍ ബഹളം വച്ചതോടെയാണ് സംഘം രക്ഷപെട്ടത്. ഇതിനിടെ വീണ് അക്രമി സംഘത്തിലെ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കുത്തേറ്റ് അബോധാവസ്ഥയിലായ അമര്സല്മാനെ വീട്ടുകാരും സുഹൃത്തുക്കളും ചേര്‍ന്നാണ് മേവറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.