കൊടുംക്രൂരതയ്ക്ക് തൂക്കുകയർ: ആലുവ കേസിൽ കുറ്റവാളി അസ്‌ഫാക് ആലത്തിന് വധശിക്ഷ

ആലുവയിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റവാളി അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചു. ഇതര സംസ്ഥാന തൊഴിലാളി കുടുംബത്തിലെ അഞ്ച് വയസുകാരി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മദ്യം നൽകി മയക്കി ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി, പിന്നീട് മൃതദേഹം ആലുവ മാർക്കറ്റിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും അതിവേഗ വിചാരണയിൽ തെളിഞ്ഞിരുന്നു. പ്രതി മുൻപും സമാന കുറ്റകൃത്യം നടത്തിയത് കൂടി കണക്കിലെടുത്താണ് മാപ്പർഹിക്കാത്ത കുറ്റമെന്ന് വിലയിരുത്തി ശിക്ഷ വിധിച്ചത്. പ്രതിക്ക് യാതൊരു മാനസാന്തരവും സംഭവത്തിന് ശേഷം ഉണ്ടായില്ലെന്നതും വധശിക്ഷ നൽകുന്നതിലേക്ക് കോടതിയെ നയിച്ചു.

ആലുവയിൽ വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായത് 2023 ജൂലായ് 28 വൈകുന്നേരം മൂന്ന് മണിയോടെയാണ്. വൈകീട്ട് 3.30 ന് ആലുവയിൽ ബസ് ഇറങ്ങിയ പ്രതി അസ്‌ഫാക്ക് ആലം കുട്ടിയുമായി മാർ‍ക്കറ്റിന്റെ ഒഴിഞ്ഞ ഭാഗത്തേക്ക് പോവുകയായിരുന്നു. 3.45 ഓടെ കുട്ടിയെ കാണാനില്ലെന്നറിഞ്ഞ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണം തുടങ്ങി. വൈകിട്ട് 5 മണിയോടെ പൊലീസ് കുട്ടിയുടെ വീട്ടിലെത്തി. സമീപത്തെ സിസിടിവി ക്യാമറകൾ പരിശോധിച്ചു.

കുട്ടിയെ പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയ പ്രതി വൈകിട്ട് 5.30 ഓടെ മൃതദേഹം പെരിയാറിന്റെ തീരത്ത് ഒളിപ്പിച്ചു. പിന്നീട് ആലുവ നഗരത്തിലേക്ക് മടങ്ങി. രാത്രി 9 മണിയോടെ പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞു. മദ്യ ലഹരിയിലായിരുന്ന പ്രതിയെ അധികം വൈകാതെ തന്നെ പിടികൂടി. എന്നൽ ലഹരിയുടെ സ്വാധീനത്തിലായിരുന്ന പ്രതിയിൽ നിന്ന് പൊലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. രാത്രി മുഴുവൻ കുട്ടിക്കായി കേരളമൊട്ടാകെ തിരച്ചിൽ തുടർന്നു. ജൂലായ് 29, ശനിയാഴ്ച രാവിലെയും കുട്ടിക്കായി അന്വേഷണം നടന്നു. ഇതിനിടെ രാവിലെ 11 മണിക്ക് ആലുവ മാർക്കറ്റിന് പിറകിൽ കുറ്റിക്കാട്ടിൽ നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. ജൂലൈ 30 ഞായറാഴ്ച ആലുവയിൽ പൊതുദർശനത്തിന് ശേഷം മൃതദേഹം സംസ്കരിച്ചു.

തുടർന്ന് അതിവേഗത്തിലായിരുന്നു അന്വേഷണം നടന്നത്. ഓഗസ്റ്റ് 1, ചൊവ്വാഴ്ച നടന്ന തിരിച്ചറിയൽ പരേഡിൽ പ്രതിയെ ദൃക്സാക്ഷികൾ തിരിച്ചറിഞ്ഞു. ഓഗസ്റ്റ് 3, വ്യാഴാഴ്ച പ്രതിയുമായി ആലുവ മാർക്കറ്റ് പരിസരത്ത് പൊലീസ് തെളിവെടുപ്പ് നടത്തി. ഓഗസ്റ്റ് 6, ഞായറാഴ്ച പ്രതിയുമായി കുട്ടിയുടെ വീട്ടിലും ആലുവ മാർക്കറ്റിലും തെളിവെടുപ്പ് നടന്നു. വൈകാരികമായാണ് ഈ സമയത്ത് കുട്ടിയുടെ കുടുംബവും നാട്ടുകാരും പ്രതികരിച്ചത്. സെപ്തംബർ 1 വെള്ളിയാഴ്ച, ക്രൂരകൃത്യം നടന്ന് 35-ാം ദിവസം പൊലീസ് എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയിൽ 645 പേജുള്ള കുറ്റപത്രം സമർപ്പിച്ചു.

ഒക്ടോബർ 4, ബുധനാഴ്ചയാണ് കേസിൽ വിചാരണ തുടങ്ങിയത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളിലായിരുന്നു വിചാരണ. 26 ദിവസത്തെ വിചാരണക്ക് പിന്നാലെ നവംബർ നാല് ശനിയാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം പരിഗണിച്ച കോടതി ശിക്ഷാവിധി പുറപ്പെടുവിക്കുന്നത് നീട്ടിവച്ചു. പിന്നീട് മാനസിക പരിശോധന നടത്തിയെങ്കിലും അസ്‌ഫാക് ആലത്തിന് യാതൊരു കുഴപ്പവുമില്ലെന്ന് സർക്കാർ ഡോക്ടർമാർ റിപ്പോർട്ട് നൽകി. ഇതിന് പിന്നാലെ നടന്ന വാദത്തിനൊടുവിലാണ് കേസിൽ ഇന്ന് വിധി പറയുമെന്ന് കോടതി വ്യക്തമാക്കിയത്. പ്രോസിക്യൂഷനും കുടുംബവും പ്രതീക്ഷിച്ചത് പോലെ ക്രൂരകൃത്യം നടത്തിയ പ്രതിക്ക് ഒടുവിൽ കൊലക്കയർ തന്നെ കോടതി വിധിച്ചു. അഡ്വ ജി മോഹൻ രാജായിരുന്നു കേസിൽ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x