നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോവിഡ് സ്‌ഥിരീകരിച്ച അദ്ദേഹത്തെ ശ്വാസതടസം അനുഭവപ്പെട്ടതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റി.
വിജയകാന്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. രാവിലെ 9 മണിക്ക് അദ്ദേഹത്തിന്റെ ആരോഗ്യനില വിശദീകരിച്ച് ആശുപത്രി മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവിടും. പനി ബാധിച്ച് കഴിഞ്ഞ മാസം ആശുപത്രിയിൽ പ്രവേശിപ്പിച്ച നടന് 23 ദിവസത്തെ ചികിത്സ വേണ്ടിവന്നിരുന്നു.
പതിവു പരിശോധനകളുടെ ഭാഗമാണിതെന്നും ഇന്നു വീട്ടിൽ മടങ്ങിയെത്തുമെന്നും നേരത്തേ പാർട്ടി വക്താവ് അറിയിച്ചിരുന്നു. അനാരോഗ്യത്തെത്തുടർന്ന് ഏറെക്കാലമായി സജീവ രാഷ്ട്രീയത്തിൽ നിന്നു വിട്ടുനിൽക്കുകയാണ്.
വിജയകാന്തിൻ്റെ സാന്നിധ്യത്തിൽ അടുത്തിടെ നടന്ന പാർട്ടി സമ്മേളനത്തിൽ ഭാര്യയും പാർട്ടി ട്രഷററുമായ പ്രേമലത ജനറൽ സെക്രട്ടറിയായി ചുമതലയേറ്റിരുന്നു.



