വെഞ്ഞാറമൂട്ടിൽ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അജ്ഞാത രോഗം. ആലന്തറ സർക്കാർ യു പി സ്‌കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം ബാധിച്ചത്. നൂറോളം വിദ്യാർത്ഥികൾക്ക് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ടതോടെ ആരോഗ്യ വിഭാഗം സ്കൂളിലെത്തി പരിശോധന നടത്തി
സംഭവത്തെ തുടർന്ന് ഉച്ചകഴിഞ്ഞ് സ്കൂളിന് അവധി നൽകിയെന്ന് അവിടത്തെ പ്രധാന അധ്യാപിക അറിയിച്ചു. സ്‌കൂളിലെ 6B ക്ലാസ്സിലിരുന്ന വിദ്യാർത്ഥികൾക്കാണ് ശരീരമാസകലം ചൊറിച്ചിലും ശ്വാസ തടസവും അനുഭവപ്പെട്ടത്. ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വിദ്യാർത്ഥികളിലേക്ക് രോഗം പടർന്നതോടെയാണ് ആരോഗ്യ വകുപ്പിനെ ഇക്കാര്യം അറിയിച്ചത്.
സ്‌കൂൾ അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് വാമനപുരം ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു. നേരത്തെ ചോക്ക് നിർമാണത്തിന്റെ ട്രൈനിംഗ് ഈ ക്ലാസ് മുറിയിൽ നടന്നിരുന്നു. അതിന്റെ അലർജി ആണോ ഇതെന്ന് സംശയമുണ്ട്.
കുട്ടികൾ ആയത് കൊണ്ടാകാം കൂടുതൽ പേരിലേക്ക് ചൊറിച്ചിൽ പടർന്നതെന്നും ഹെൽത്ത് ഇൻസ്പെക്ടർ വ്യക്തമാക്കുന്നു.