ജനനവും മരണവും രജിസ്റ്റർ ചെയ്യാൻ ആധാർ നിർബന്ധമാക്കാനൊരുങ്ങി സർക്കാർ
ആശുപത്രി മരണങ്ങൾക്ക് കാരണം വ്യക്തമാക്കുന്ന സാക്ഷ്യപത്രം നിർബന്ധം
▫️ജനന, മരണ രജിസ്ട്രേഷന് മാതാപിതാക്കളുടെയോ വിവരദായകന്‍റെയോ ആധാർ വിവരങ്ങൾ നിർബന്ധമായും കൈമാറണമെന്ന വ്യവസ്ഥവരുന്നു.
ആശുപത്രിയിൽ മരണം നടന്നാൽ, മരണ കാരണം വ്യക്തമാക്കുന്ന സാക്ഷ്യപത്രം ജനന-മരണ രജിസ്ട്രാർക്കും പകർപ്പ് ഉറ്റബന്ധുവിനും ആശുപത്രികൾ കൈമാറുന്നത് നിർബന്ധമാക്കും.
കേന്ദ്രസർക്കാർ ലോക്സഭയിൽ അവതരിപ്പിച്ച ജനന-മരണ രജിസ്ട്രേഷൻ നിയമ ഭേദഗതി ബില്ലിലെ വ്യവസ്ഥകളാണ് ഇവ. ദേശീയ ജനസംഖ്യ രജിസ്റ്റർ ഓൺലൈനിൽ പുതുക്കാൻ ഭാവിയിൽ സംവിധാനം വരുമെന്നാണ് സൂചന. നിയമഭേദഗതി നടപ്പാവുമ്പോൾ വരുന്ന മറ്റ് മാറ്റങ്ങൾ:
ജനനവും മരണവും ഓൺലൈനിൽ രജിസ്റ്റർ ചെയ്യാം. സർട്ടിഫിക്കറ്റുകളും ഇലക്ട്രോണിക് മാർഗത്തിൽ നൽകും. ദേശീയ-സംസ്ഥാന തലങ്ങളിൽ ജനന-മരണ ഡാറ്റാബേസ് ഉണ്ടാക്കും. ഇത് സർക്കാർ സേവനങ്ങൾക്കും ക്ഷേമപദ്ധതികൾക്കും പ്രയോജനപ്പെടുത്തും.
ജനന സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കുള്ള ഒറ്റ സാക്ഷ്യപത്രമായി മാറും. വിദ്യാലയ പ്രവേശനം, ആധാർ, വോട്ടർപട്ടിക, റേഷൻ കാർഡ്, വിവാഹ രജിസ്ട്രേഷൻ, ഉദ്യോഗ നിയമനങ്ങൾ, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ് തുടങ്ങിയ പല രേഖകൾക്കും ജനന സർട്ടിഫിക്കറ്റിൽ പറയുന്ന ജനന തീയതിയും സ്ഥലവും ആധികാരിക വിവരമായി കണക്കാക്കും.
ജനന, മരണ വിവരങ്ങൾ കൈമാറുന്നതിൽ കാലതാമസം വന്നാൽ രേഖകളിൽ ചേർക്കുന്നത് കൂടുതൽ പ്രയാസമാകും. ഒരു വർഷം കഴിഞ്ഞാൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് നിലവിലെ വ്യവസ്ഥ. പകരം, ജില്ലാ മജിസ്ട്രേറ്റ്, എസ്.ഡി.എം എന്നിവരോ, അവർ ചുമതലപ്പെടുത്തുന്നവരോ സാക്ഷ്യപ്പെടുത്തണം. ഒരു മാസം മുതൽ ഒരു വർഷം വരെയുള്ള കാലയളവിൽ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖ രജിസ്ട്രാർക്ക് സമർപ്പിക്കാം._
_അനാഥർ, ദത്തെടുത്ത കുട്ടികൾ തുടങ്ങി എല്ലാവരെയും ജനന-മരണ രജിസ്ട്രേഷന്‍റെ പരിധിയിൽ കൊണ്ടുവരുന്നത് നിർബന്ധമാക്കും
വാർത്തകൾ അറിയാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.