മാരക മയക്കുമരുന്നായ എംഡിഎംഎയുമായി കല്ലമ്പലത്ത് യുവതിയും യുവാവും പിടിയിൽ. ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ നിന്നും വന്നിറങ്ങിയ യുവതി അടക്കമുള്ള രണ്ടുപേരാണ് പിടിയിലായത്.
ചെറിയന്നിയൂർ താന്നിമൂട് കൊടിവിളാകത്ത് ദീപു (24), ചെറുന്നിയൂർ താന്നിമൂട് രാജാമണിയിൽ അഞ്ജന ( 30) എന്നിവരാണ് തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമിൻറെ പിടിയിലായത്.
ഇപ്പോൾ പിടിയിലായ ദീപുവിൻറെ പെൺ സുഹൃത്തായ അഞ്ജനയാണ് മയക്കുമരുന്ന് കടത്തിയതിൻ്റെ മുഖ്യ ആസൂത്രക എന്ന് പോലീസ് അറിയിച്ചു. ഏതാനും ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ ഡാൻസാഫ്’ ടീം തന്ത്രപൂർവ്വം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ്സിൽ കല്ലമ്പലത്ത് ഇറങ്ങി വർക്കലയ്ക്ക് പോകാൻ നിൽക്കവേയാണ് ഡാൻസാഫ് ടീം പിടികൂടിയത്. പിടിയിലായ ദീപു വർക്കല പോലീസിൽ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇവരുടെ ദേഹ പരിശോധന നടത്തിയതിൽ നിന്നും 25 ഗ്രാം തൂക്കം വരുന്ന രാസ ലഹരി വസ്‌തുവായ എം ഡി എം എ കണ്ടെടുത്തു.
ജില്ലാ റൂറൽ ഡാൻസാഫ് എസ്.ഐ മാരായ സഹിൽ, ബിജു, ദിലീപ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിന്തുടർന്ന് പിടികൂടിയത്.