അൻവർഷാ എന്ന വേറിട്ട കർഷകൻ..
നാട്ടിൽ അന്യം നിന്നു പോകുന്ന നെൽകൃഷി അതിന്റെ പാരമ്പര്യം ഒട്ടും ചോരാതെ പുതുതലമുറയിലേക്ക് പകർന്നു നൽകാൻ അവസരം ഒരുക്കിയിരിക്കുകയാണ് ഈ കർഷകൻ. പരമ്പരാഗത രീതിയിൽ നിലമൊരുക്കിയത് തന്നെ നയന മനോഹരമായ കാഴ്ചയാണ്.
അൻവർ ഷാൻ യാസീൻ മൻസിൽ കുളത്തറ ചിതറ, എന്ന കർഷകൻ ചിതറ കൃഷിഭവന്റെയും സർവീസ് സഹകരണ ബാങ്കിന്റെയും ഗ്രാമപഞ്ചായത്തിന്റെയും സഹായത്താൽ നിലമൊരുക്കി വിത്തിടാൻ പാകത്തിന് തയ്യാറാക്കി. മണ്ണിന്റെ മണമുള്ള കൃഷിയിടത്തിൽ വിത്ത് വിതയ്ക്കാൻ അവസരം കിട്ടിയത് ചിതറ എൽപിഎസിലെ കുട്ടികൾക്കും.
ചിതറ എൽപിഎസിലെ ഹെഡ്മാസ്റ്റർ രാജുസാറിന്റെ നേതൃത്വത്തിൽ കർഷക വേഷധാരികളായി എത്തിയകൃഷി ക്ലബ്ബിലെ 30 കുട്ടികൾ,മൂന്നാം ക്ലാസിലെ പാഠഭാഗമായ “നന്മ വിളയും കൈകൾ ” എന്ന പാഠഭാഗം നേരിൽ മനസ്സിലാക്കാൻ പാടത്തേക്ക് ഇറങ്ങിയത്. പഴയ തലമുറയിലെ കർഷക തൊഴിലാളികളായ ബേബി,സുലോചന, എന്നിവർ പാടം ഒരുക്കുന്നത് പറഞ്ഞു നൽകി. ചാണകവുമായി ചവിട്ടിച്ചേർത്ത നെൽവിത്ത് നുരിയിടലിനു കുട്ടികൾക്ക് അവസരം നൽകി.
ചിതറ കൃഷിഭവനിലെ കൃഷി ഓഫീസർ ഷൈസ്, കൃഷി അസിസ്റ്റന്റ് പ്രവീൺ എന്നിവർ നെൽകൃഷിയുടെ ശാസ്ത്രീയ വശം കുട്ടികൾക്ക് പകർന്നു നൽകി. തുടർന്ന് പരമ്പരാഗത രീതിയിൽ തയ്യാറാക്കിയെടുത്ത പുത്തരിക്കഞ്ഞിയും പായസവും കപ്പയുംകഴിച്ച കുട്ടികൾ നന്മ വിളയും കൈകളുടെ രുചിയും നേരിട്ട് അറിഞ്ഞു.