മുതലമട റോഡരികിലെ മതിലിടിഞ്ഞ് വീണ് ഒന്നര വയസ്സുകാരൻ മരിച്ചു. മുതലമട കാടംകുറിശ്ശിയിൽ താമസിക്കുന്ന വിൽസൺ -ഗീതു ദമ്പതികളുടെ മകൻ വേദവ് (ഒന്നര) ആണ് മരിച്ചത്. മുത്തച്ഛനോടൊപ്പം സൊസൈറ്റിയിൽ പാൽ ഒഴിക്കുന്നതിനായി റോഡിലൂടെ പോകുന്ന സമയത്താണ് അപകടം സംഭവിച്ചത്. അയൽവാസിയായ എം കുട്ടപ്പന്റെ 15 വർഷത്തോളം പഴക്കം ചെന്ന മതിൽക്കെട്ടാണ് കുഞ്ഞിന്റെ ശരീരത്തിൽ വീണത്. .
മതിൽക്കെട്ടിന്റെ ബലക്ഷയമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ കൊല്ലങ്കോട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരി വേദ. മുത്തച്ഛൻ വേലായുധൻ. മുത്തശ്ശി പാർവതി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും