“ഗണേഷ് കുമാർ പറയുന്ന വാക്കുകളിലേക്ക്”
ഞാന്‍ മാനേജറായ കൊട്ടാരക്കര,വാളകം രാമവിലാസം സ്‌കൂളില്‍ യുകെജി-എല്‍കെജി മുതല്‍ 4ാം ക്ലാസുവരെ ഹോംവര്‍ക്കുകളോ പുസ്തകം വീട്ടില്‍ കൊടുത്തയക്കുകയോ ഇല്ല എന്ന തീരുമാനം എടുത്തുവെന്ന് ഗണേഷ് കുമാര്‍.
നാലാം ക്ലാസ് വരെയുള്ള കുഞ്ഞുങ്ങള്‍ വീട്ടില്‍ വന്നാല്‍ കളിക്കണം, ടിവി കാണണം, അച്ഛന്റെയും അമ്മയുടെയും നെഞ്ചോട് ചേര്‍ന്ന് കെട്ടിപ്പിടിച്ച് സന്തോഷത്തോടെ ഉറങ്ങണം, രാവിലെ സ്‌കൂളില്‍ വരണം എന്നും ഗണേഷ് കുമാര്‍ പറയുന്നു.
സ്‌കൂളില്‍ പഠിപ്പിക്കും, ഹോം വര്‍ക്ക് ഇല്ല, പുസ്തകം വീട്ടില്‍ കൊടുത്ത് വിടുന്നത് അവസാനിപ്പിക്കണം. അവര്‍ വീട്ടില്‍ വന്നാല്‍ അച്ഛനും അമ്മയുടെയും സ്‌നേഹം അറിയണ്. ഇപ്പോള്‍ സ്‌നേഹം അറിഞ്ഞില്ലെങ്കില്‍ എന്നാണ് കിട്ടാന്‍ പോകുന്നത്.തൊണ്ണൂറ് വയസ്സായിട്ടാണോയെന്നും ഗണേഷ് കുമാര്‍ ചോദിക്കുന്നു. പെൻഷന്‍ വാങ്ങിയിട്ടാണോ അച്ഛനെയും അമ്മയെയും സ്‌നേഹിക്കുന്നത് എന്നും ഗണേഷ് കുമാര്‍ ചോദിക്കുന്നു.
കുഞ്ഞുങ്ങള്‍ക്ക് അച്ഛനെയും അമ്മയുമായി സ്‌നേഹിക്കാന്‍ സമയം കിട്ടാതെ വളരുന്ന കുട്ടികള്‍ വലുതാവുമ്പോള്‍ മാതാപിതാക്കളുമായി അടുപ്പം കുറയും, അവസാനം അച്ഛനെയും അമ്മയെയും വൃദ്ധ സദനങ്ങളില്‍ തള്ളുമെന്നും ഗണേഷ് പറയുന്നു.
ഒരു അധ്യാപകന് ഒരു കുട്ടിയെ ഒരു കൊല്ലം പഠിപ്പിക്കാന്‍ ആയിരം മണിക്കൂര്‍ കിട്ടും, നാലാം ക്ലാസ് വരെയുള്ള കുട്ടിക്ക് ആയിരം മണിക്കൂറിന്റെ പഠിത്തം മതി. നാലാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടിക്ക് പഠിക്കാനുള്ളത് ഈ ആയിരം മണിക്കൂര്‍ കൊണ്ട് പഠിപ്പിക്കാമെന്നും ഗണേഷ് പറയുന്നു.
പതിയെ പതിയെ ഇത് ഏഴാം ക്ലാസ് വരെ താന്‍ നടപ്പിലാക്കുമെന്നും ഗണേഷ് പറഞ്ഞു. ഇതിന്റെ വ്യത്യാസം പതിയെ നിങ്ങള്‍ അറിയും, മൂല്യമുള്ള മക്കള്‍ ഉണ്ടാകുമെന്നും ഗണേഷ് പറയുന്നു.