ഇടുക്കി ആനച്ചാലില്‍ ആറു വയസ്സുകാരനെ തലക്കടിച്ച് കൊന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിക്ക് വധശിക്ഷ. ഇടുക്കി ഫാസ്റ്റ് ട്രാക്ക് കോടതിയാണ് ശിക്ഷ വിധിച്ചത്. നാല് കുറ്റങ്ങള്‍ക്ക് മരണം വരെ തടവുശിക്ഷയും കോടതി വിധിച്ചു. ആകെ 92 വര്‍ഷമാണ് ശിക്ഷാകാലാവധി. നാലു ലക്ഷത്തിൽ അധികം രൂപ പിഴയും ചുമത്തിയിട്ടുണ്ട്.
അമ്മയെയും മുത്തശ്ശിയെയും തലക്കടിച്ച് വീഴ്ത്തുകയും ആറു വയസ്സുകാരനെ കൊലപ്പെടുത്തുകയും ചെയ്ത ശേഷമായിരുന്നു സഹോദരിയെ ബലാത്സംഗം ചെയ്തത്. പ്രതി കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. തുടർന്ന് ഇന്ന് ശിക്ഷ വിധിക്കുകയായിരുന്നു. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്ടിയെയാണ് ബന്ധു കൊലപ്പെടുത്തിയത്. കുട്ടികളുടെ അമ്മയുടെ സഹോദരിയുടെ ഭർത്താവാണ് പ്രതി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ്റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. 2021 ഒക്ടോബർ രണ്ടിനു രാത്രിയാണ് സംഭവം നടന്നത്.
കുടുംബപ്രശ്‌നങ്ങളാണ് ആക്രമണത്തിന് കാരണമായതെന്നായിരുന്നു പോലീസിൻ്റെ കണ്ടെത്തല്‍. ആറുവയസ്സുകാരനെയും മാതാവിനെയും ആക്രമിച്ചപ്പോള്‍ 14 വയസ്സുകാരിയും മുത്തശ്ശിയും സമീപത്തെ മറ്റൊരു ഷെഡ്ഡിലായിരുന്നു താമസം. ഇവിടെയെത്തിയ പ്രതി ഇവരെയും ആക്രമിച്ചു. തുടര്‍ന്ന് 14 വയസ്സുകാരിയെ വലിച്ചിഴച്ച് കൊണ്ടുവന്ന് ചോരയില്‍കുളിച്ചുകിടക്കുന്ന ആറുവയസ്സുകാരനെയും മാതാവിനെയും കാണിച്ചുകൊടുത്തു. പിന്നീട് പെണ്‍കുട്ടിയെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. വെള്ളത്തൂവൽ പോലീസാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.

