ജമ്മുകശ്മീരിലെ ദോഡയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 36 പേർ മരിച്ചു. അപകടത്തിൽ 19 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ 6 പേരുടെ നില ഗുരുതരമാണ്. 300 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. 55 പേരാണ് ബസിലുണ്ടായിരുന്നത് എന്നാണ് പ്രാഥമിക നിഗമനം. ബത്തോത്ത – കിഷ്ത്വാർ ദേശീയപാതയിലാണ് അപകടം. പരിക്കേറ്റവരെ ഇവരെ ദോഡ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. രക്ഷാപ്രവർത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്. ആദ്യഘട്ടത്തിൽ നാട്ടുകാരും പിന്നീട് പൊലീസുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽ പ്രധാനമന്ത്രി അനുശോചനം അറിയിച്ചു. മരിച്ചവർക്ക് രണ്ടു ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. ചെറിയ ബസ് അപകടം എന്നാണ് ആദ്യം പുറത്തു വന്ന വാർത്ത. എന്നാൽ പിന്നീടാണ് ദുരന്തത്തിന്റെ വ്യാപ്തി പുറത്തുവന്നത്. ചെങ്കുത്തായ മലനിരകളുള്ള പ്രദേശത്താണ് അപകടമുണ്ടായത്. മലനിരകളിലൂടെ വരികയായിരുന്ന ബസ് വളവ് തിരിയുന്ന സമയത്ത് നിയന്ത്രണം നഷ്ടപ്പെട്ടാണ് കൊക്കയിലേക്ക് പതിച്ചത്.

