ഹെൽമറ്റുപോലും വയ്ക്കാതെ സ്കൂട്ടർ ഓടിക്കാൻ പതിനാറുകാരന് കൊടുത്ത അമ്മയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. വർക്കല പാളയംകുന്നിൽ പൊലീസ് നടത്തിയ പതിവ് വാഹന പരിശോധനയിലാണ് കുട്ടിഡ്രൈവറെ കണ്ടെത്തിയതും പിടികൂടിയതും. തുടർന്ന് രേഖകൾ പരിശോധിച്ചതോടെ പ്രായപൂർത്തിയാട്ടില്ലെന്ന് വ്യക്തമാവുകയും വാഹന ഉടമയ്‌ക്കെതിരെ കേസെടുക്കുകയുമായിരുന്നു.
പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ അമ്മയായിരുന്നു വാഹന ഉടമ. അമ്പതിനായിരം രൂപ പിഴയും ഒരുവർഷംവരെ തടവുശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. റോഡപകടങ്ങൾ വർദ്ധിച്ചതോടെ പൊലീസ് വാഹനപരിശാേധന കർശനമാക്കിയിരുന്നു. നിരവധി കുട്ടിഡ്രൈവർമാരാണ് ഇതിൽ പിടിയിലായത്. ഇരുചക്രവാഹനങ്ങളാണ് ഇവരിൽ അധികവും ഓടിച്ചിരുന്നത്.
മോട്ടോർ വാഹന നിയമത്തിലെ 199 എ വകുപ്പ് പ്രകാരം പ്രയപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകുന്ന രക്ഷിതാവിനെയോ വാഹനത്തിന്റെ ഉടമയെയോ മൂന്ന് വർഷം തടവിന് ശിക്ഷിക്കാം. വാഹനത്തിന്റെ രജിസ്ട്രേഷൻ ആറ് മാസത്തേക്ക് റദ്ദാക്കാനും വാഹനം ഓടിച്ച പ്രായപൂർത്തിയാകാത്ത കുട്ടിക്ക് 25 വയസ് തികയുന്നതുവരെ ലൈസൻസ് നൽകാതിരിക്കാനും ഈ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
കാസർകോട് ജില്ലയിൽ കഴിഞ്ഞവർഷം രണ്ടുമാസത്തിനിടെ പ്രായപൂർത്തിയാകാത്തവർക്ക് വാഹനം ഓടിക്കാൻ നൽകിയതിന് എഴുപതുപേരെയാണ് ശിക്ഷിച്ചത്. പതിനേഴരലക്ഷം രൂപയാണ് ഇവരിൽ നിന്ന് പിഴ ഈടാക്കിയത്. ഇരുചക്രവാഹനങ്ങളും കാറുകളും ഓടിക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിവരികയാണെന്നാണ് പൊലീസും മാേട്ടോർ വാഹനവകുപ്പ് അധികൃതരും പറയുന്നത്. ഇതിൽ പലരും അപകടകരമായ രീതിയിലാണ് വാഹനം ഓടിക്കുന്നതും.