കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം

കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം പ്രത്യേക പൂജകളോടെ ജൂൺ 7,8 തീയതികളിൽ കാത്തിരുന്ന ധന്യനിമിഷം ,കടയ്ക്കൽ ദേവീ ക്ഷേത്ര പുനർസമർപ്പണം 2025 ജൂൺ 7,8 തീയതികളിൽ പ്രത്യേക പൂജകളോടെ നടക്കും.ഒന്നാം ദിവസം (7-06-2015) ശനിയാഴ്ച വൈകുന്നേരം 5 മണിമുതലുള്ള ഗണപതി പൂജയോടെ ചടങ്ങുകൾ ആരംഭിച്ച് പ്രസാദ ശുദ്ധിക്രിയകൾ, വസ്തു പുണ്യാഹം പൂജയോടെ അവസാനിക്കും.

രണ്ടാം ദിവസം (8-06-2025) ഞായറാഴ്ച രാവിലെ അഞ്ചുമണിയ്ക്ക് ഗണപതി ഹോമത്തോടെ ആരംഭിച്ച് പ്രോക്ത ഹോമം,സംവാദപ്രോക്ഷണം,കലശ പ്രോക്ഷണം, പ്രായശ്ചിത്ത പ്രോക്ഷണം, കാൽ കഴുകിച്ച് ഊട്ട്,ദാനം എന്നിവയോടെ അവസാനിക്കും.തുടർന്ന് 11 മണിമുതൽ വിശിഷ്ട വ്യക്തികളെ ആദരിക്കൽ, ഉച്ചക്ക് 1 മണി മുതൽ അന്നദാനം, രാത്രി 7 മണിമുതൽ പാട്ടും വിളക്കും, രാത്രി 9 മണി മുതൽ പടയണി.അകത്ത് കണ്ടത് പുറത്തു പറയരുത് ‘എന്ന കടയ്ക്കലമ്മയുടെ തിരുവരുൾ പ്രകാരമുള്ള അനുഷ്ഠാനത്തിൽ യാതൊരുവിധ കോട്ടവും സംഭവിക്കാതെയാണ് പള്ളിയറയുടെ നവീകരണം പൂർത്തിയാക്കിയത്. ക്ഷേത്ര നിർമ്മാണ രംഗത്ത് പ്രാഗൽഭ്യം തെളിയിച്ച മലപ്പുറം ശ്രീനിവാസൻ ആശാരിയുടെ നേതൃത്വത്തിലാണ് നിർമാണപ്രവർത്തനം നടത്തിയത്.. സംഘം വൃത ശുദ്ധിയോടെ ക്ഷേത്രത്തിൽ താമസിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്.പള്ളിയമ്പലം അഡ്വ ജയചന്ദ്രൻ പിള്ളയാണ് പള്ളിയറ പുനർനിർമ്മാണത്തിനുള്ള തേക്കിൻ തടി അച്ചൻകോവിലിൽ നിന്നും എത്തിച്ചത്. കൂടാതെ സുമനസ്സുകളുടെ നിർലോഭമായ സഹകരണവും ഉണ്ടായിട്ടുണ്ട്.

പള്ളിയറ പൂർണ്ണമായും പുനർനിർമ്മിയ്ക്കുകയും,അടിസ്ഥാനം മുഴുവനായും ബലപ്പെടുത്തിയതിനു ശേഷം മൈലാടിയിൽ നിന്നും എത്തിച്ച കൃഷ്ണ ശില പാകി കൊത്തുപണി ചെയ്ത് മനോഹരമാക്കി, കൂടാതെ കളമെഴുത്ത് തറ പൂർണ്ണമായും മാർബിൾ പാകി.ക്ഷേത്രത്തിന് ചേർന്ന് സ്ഥിതിചെയ്യുന്ന മുല്ലപ്പന്തലും മനോഹരമാക്കി.നൂറ്റാണ്ടുകളുടെ ചരിത്രം പേറുന്ന ഏറെ വ്യത്യസ്തമായ ആചാരങ്ങളും, വിശ്വാസങ്ങളും നിലനിന്നു പോരുന്ന തെക്കൻ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ് കടയ്ക്കൽ ദേവീക്ഷേത്രം.

അബ്രഹ്മണരാണ് പൂജാരികൾ എന്നതും കടയ്ക്കൽ ക്ഷേത്രത്തെ വ്യതസ്തമാക്കുന്നു. പീടികയിൽ സ്വയം ഭൂവായ ദേവിയുടെ ചൈതന്യം ആദ്യമായി കണ്ട നെട്ടൂ‍ർ കുറുപ്പിന്റെ പിൻ‌തലമുറക്കാരാണ് ശാന്തിക്കാർ.വിഗ്രഹമില്ല. അരി വച്ച് നിവേദ്യമില്ല. മലർ, പഴം എന്നിവയാണ് നിവേദ്യ വസ്തുക്കൾ.

കുങ്കുമവും കളപ്പൊടിയും പ്രസാദമായി ലഭിക്കുന്നു.കടയ്ക്കലമ്മ എന്നപേരിലാണ് കടയ്ക്കൽ ദേവിക്ഷേത്രത്തിലെ മൂർത്തി അറിയപ്പെടുന്നത്. “പരാശക്തിയുടെ” അവതാരമായ “ഭദ്രകാളിയാണ്” കടയ്ക്കലമ്മ. ഉഗ്രഭാവത്തിലെന്നാണ് സങ്കൽപ്പം. ദേവിയുടെ തൃപ്പാദം (കടയ്ക്കൽ) എന്ന അർത്ഥത്തിലാണ് ഈ പ്രദേശത്തിന് കടയ്ക്കൽ എന്ന പേരു കിട്ടിയതെന്ന് കരുതുന്നു. നാനാജാതി മതസ്ഥരെയും ആകർഷിക്കുന്ന പ്രശസ്തമായ കടയ്ക്കൽ തിരുവാതിര ഉത്സവം ഈ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് എല്ലാ വർഷവും കുംഭമാസത്തിൽ ആഘോഷിക്കുന്നത്. ഇവിടെ പ്രതിഷ്ഠയില്ല എന്നതാണ് ഒരു പ്രത്യേകത.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x