fbpx

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നടി കവിയൂര്‍ പൊന്നമ്മ (79) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. എറണാകുളം ലിസി ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാള സിനിമയിലെ ഏറ്റവും പ്രിയപ്പെട്ട ‘അമ്മ’ യായി വിശേഷിപ്പിക്കപ്പെട്ട നടിയായിരുന്നു കവിയൂര്‍ പൊന്നമ്മ.

20ാം വയസില്‍ സത്യന്റെയും മധുവിന്റെയും അമ്മയായി വേഷമിട്ട് ഏവരെയും അത്ഭുതപ്പെടുത്തിയ പ്രകടനം കാഴ്ച വെച്ച പൊന്നമ്മ സിനിമയിലെ അവസാന നാളുകള്‍ വരെയും ഏറ്റവും തന്മയത്വത്തോടെ അമ്മ വേഷങ്ങള്‍ അവതരിപ്പിച്ചു. ചെറുപ്രായത്തില്‍ തന്നെ സംഗീതം അഭ്യസിച്ചു തുടങ്ങിയ കവിയൂര്‍ പൊന്നമ്മ 14ാം വയസില്‍ നാടകത്തിലേക്ക് ചുവടുവെച്ചു. തോപ്പില്‍ ഭാസിയുടെ പ്രശസ്തമായ ‘മൂലധന’മായിരുന്നു ആദ്യകാലങ്ങളില്‍ പൊന്നമ്മ ഭാഗമായ പ്രധാന നാടകങ്ങളില്‍ ഒന്ന്. പിന്നീട് കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായി അഭിനയിച്ചുകൊണ്ട് വെള്ളിത്തിരയിലേക്ക് എത്തി.

1960കള്‍ മുതല്‍ 2022 വരെയുള്ള വരെയുള്ള അര നൂറ്റാണ്ട് കാലത്തോളം സിനിമയില്‍ നിറഞ്ഞുനിന്ന പൊന്നമ്മ നാല് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളടക്കം നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. 1971,1972,1973 എന്നീ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായും പിന്നീട് 1994ലും മികച്ച രണ്ടാമത്തെ നടിയ്ക്കുള്ള പുരസ്‌കാരം നേടിയത് കവിയൂര്‍ പൊന്നമ്മയായിരുന്നു. നാനൂറിലേറെ ചിത്രങ്ങളില്‍ നടി അഭിനയിച്ചിട്ടുണ്ട്.

സ്‌ക്രീനില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ആഘോഷിച്ച അമ്മ-മകന്‍ കൂട്ടുക്കെട്ട് മോഹന്‍ലാല്‍-കവിയൂര്‍ പൊന്നമ്മ കോംബോ ആയിരുന്നു. കിരീടത്തിലും ചെങ്കോലിലും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകളിലും തുടങ്ങി നിരവധി ചിത്രങ്ങളില്‍ വ്യത്യസ്തമായ അമ്മ വേഷങ്ങളില്‍ മോഹന്‍ലാലിനൊപ്പം കവിയൂര്‍ പൊന്നമ്മ എത്തി. മലയാളത്തില്‍ ഒരു കാലഘട്ടത്തിന് ശേഷം നിത്യജീവിതത്തിന്റെ ഭാഗമെന്ന നിലയില്‍ കളിയായും കാര്യമായും ഉപയോഗിക്കുന്ന ‘ഉണ്ണി വന്നോ’ എന്ന ചോദ്യത്തിന്റെ മുഖമായതും കവിയൂര്‍ പൊന്നമ്മയാണ്. ഹിസ്‌ ഹൈനസ് അബ്ദുള്ളയിലെ ആ ചിത്തഭ്രമം ബാധിച്ച തമ്പുരാട്ടിയെ മലയാളികള്‍ക്ക് മറക്കാനാകില്ല.

മമ്മൂട്ടിയ്‌ക്കൊപ്പവും അമ്മ വേഷങ്ങളില്‍ നടി എത്തിയിരുന്നു. പൊന്നമ്മയുടെ കരിയറിലെ ഏറ്റവും മികച്ച പെര്‍ഫോമന്‍സുകളിലൊന്നായിരുന്നു തനിയാവര്‍ത്തനത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബാലന്‍ മാഷിന് വിഷമൊഴിച്ച ചോറ് ഉരുട്ടി നല്‍കുന്ന രംഗം. ഏറ്റവും ഒടുവില്‍ ആണും പെണ്ണും എന്ന ആന്തോളജിയില്‍ ആഷിഖ് അബു ഒരുക്കിയ റാണിയില്‍ ഇതുവരെ കാണാത്ത കവിയൂര്‍ പൊന്നമ്മയെയായിരുന്നു മലയാളികള്‍ കണ്ടത്. സ്ഥിരം അമ്മ വേഷങ്ങളില്‍ നിന്ന് മാറി നിഗൂഢമായ പൊട്ടിച്ചിരിയുമായി എത്തിയ ആ കഥാപാത്രം, കവിയൂര്‍ പൊന്നമ്മയെ മലയാള സിനിമ അമ്മ വേഷങ്ങളിലേക്കായി ചുരുക്കരുതായിരുന്നു എന്ന അഭിപ്രായങ്ങള്‍ വരെ ഉയര്‍ത്തി.

സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ സീരിയലുകളിലും നടി സജീവമായിരുന്നു. മാത്രമല്ല, സിനിമാ-നാടക പിന്നണി ഗാനരംഗത്തും പൊന്നമ്മ കഴിവ് തെളിയിച്ചിട്ടുണ്ട്. നിര്‍മാതാവായ മണിസ്വാമിയെയായിരുന്നു കവിയൂര്‍ പൊന്നമ്മ വിവാഹം കഴിച്ചത്. 2011 ല്‍ മണിസ്വാമി അന്തരിച്ചു. മകള്‍ ബിന്ദു അമേരിക്കയിലാണ് താമസിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x